ഇയ്യോബ്

അദ്ധ്യായം : 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42


അദ്ധ്യായം 42

1 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:
2 നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.
3 അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.
4 കേൾക്കേണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.
5 ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.
6 ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.
7 യഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതു: നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.
8 ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിപ്പിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.
9 അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.
10 ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.
11 അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കൽ വന്നു അവന്റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകലഅനർത്ഥത്തെയും കുറിച്ചു അവർ അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന്നു ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു.
12 ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
13 അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.
14 മൂത്തവൾക്കു അവൻ യെമീമാ എന്നും രണ്ടാമത്തെവൾക്കു കെസീയാ എന്നും മൂന്നാമത്തവൾക്കു കേരെൻ-ഹപ്പൂൿ എന്നും പേർ വിളിച്ചു.
15 ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൌന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടെ അവർക്കു അവകാശം കൊടുത്തു.
16 അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.
17 അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.