അദ്ധ്യായം 19
1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും?
3 ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാൻ നിങ്ങൾക്കു ലജ്ജയില്ല.
4 ഞാൻ തെറ്റിപ്പോയതു വാസ്തവം എന്നു വരികിൽ എന്റെ തെറ്റു എനിക്കു തന്നേ അറിയാം.
5 നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ചു എന്റെ അപമാനത്തെക്കുറിച്ചു എന്നെ ആക്ഷേപിക്കുന്നു എങ്കിൽ
6 ദൈവം എന്നെ മറിച്ചുകളഞ്ഞു തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിൻ.
7 അയ്യോ, ബലാൽക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾപ്പോരില്ല; രക്ഷെക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.
8 എനിക്കു കടന്നുകൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.
9 എന്റെ തേജസ്സു അവൻ എന്റെ മേൽനിന്നു ഊരിയെടുത്തു; എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.
10 അവൻ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.
11 അവൻ തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ചു എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.
12 അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.
13 അവർ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്കു അന്യരായിത്തീർന്നു.
14 എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
15 എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്കു പരദേശിയായ്തോന്നുന്നു.
16 ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.
17 എന്റെ ശ്വാസം എന്റെ ഭാര്യക്കു അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്കു അറെപ്പും ആയിരിക്കുന്നു.
18 പിള്ളരും എന്നെ നിരസിക്കുന്നു; ഞാൻ എഴുന്നേറ്റാൽ അവർ എന്നെ കളിയാക്കുന്നു.
19 എന്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു.
20 എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ ഞാൻ ശേഷിച്ചിരിക്കുന്നു.
21 സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.
22 ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു?
23 അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു.
24 അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു.
25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
26 എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
27 ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
28 നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്റെ മൂലം എന്നിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ
29 വാളിനെ പേടിപ്പിൻ; ക്രോധം വാളിന്റെ ശിക്ഷെക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞുകൊൾവിൻ.