ഹോശേയ

അദ്ധ്യായം : 1 2 3 4 5 6 7 8 9 10 11 12 13 14


അദ്ധ്യായം 7

1 ഞാൻ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമർയ്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്തു കള്ളൻ കടക്കുന്നു; പുറത്തു കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
2 അവരുടെ ദുഷ്ടതയൊക്കെയും ഞാൻ ഓർക്കുന്നു എന്നു അവർ മനസ്സിൽ വിചാരിക്കുന്നില്ല, ഇപ്പോൾ അവരുടെ സ്വന്തപ്രവർത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
3 അവർ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷ്കുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
4 അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
5 നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർക്കു വീഞ്ഞിന്റെ ഉഷ്ണത്താൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.
6 അവർ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരൻ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
7 അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയിൽ എന്നോടു അപേക്ഷിക്കുന്നവൻ ആരുമില്ല.
8 എഫ്രയീം ജാതികളോടു ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
9 അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവൻ അറിയുന്നില്ല.
10 യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിൽ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
11 എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവർ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.
12 അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെ മേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
13 അവർ എന്നെ വിട്ടു ഓടിപ്പോയതുകൊണ്ടു അവർക്കു അയ്യോ കഷ്ടം; അവർ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവർക്കു നാശം; ഞാൻ അവരെ വീണ്ടെടുപ്പാൻ വിചാരിച്ചിട്ടും അവർ എന്നോടു ഭോഷ്കു സംസാരിക്കുന്നു.
14 അവർ ഹൃദയപൂർവ്വം എന്നോടു നിലവിളിക്കാതെ കിടക്കയിൽവെച്ചു മുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോടു മത്സരിക്കുന്നു.
15 ഞാൻ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ചു ബലപ്പെടുത്തീട്ടും അവർ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
16 അവർ തിരിയുന്നു, മേലോട്ടു അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവർക്കു പരിഹാസഹേതുവായ്തീരും.