അദ്ധ്യായം 36
1 നീയോ, മനുഷ്യപുത്രാ, യിസ്രായേൽപർവ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതു: യിസ്രായേൽപർവ്വതങ്ങളേ, യഹോവയുടെ വചനം കേൾപ്പിൻ!
2 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ചു: നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
3 അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവണ്ണം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കകൊണ്ടും യിസ്രായേൽപർവ്വതങ്ങളേ,
4 യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജ്ജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
5 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാൻ നിശ്ചയമായി എന്റെ തീക്ഷ്ണതാഗ്നിയോടെ സംസാരിക്കും; അവർ എന്റെ ദേശത്തെ കവർച്ചക്കായി തള്ളിക്കളവാൻ തക്കവണ്ണം അതിനെ പൂർണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങൾക്കു അവകാശമായി നിയമിച്ചുവല്ലോ.
6 അതുകൊണ്ടു നീ യിസ്രായേൽ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.
7 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു.
8 നിങ്ങളോ, യിസ്രായേൽപർവ്വതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവർക്കു വേണ്ടി ഫലം കായ്പിൻ.
9 ഞാൻ നിങ്ങൾക്കു അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.
10 ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നേ, വർദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
11 ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
12 ഞാൻ നിങ്ങളിൽ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്കു അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
13 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അവർ നിന്നോടു: നീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,
14 നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15 ഞാൻ ഇനി നിന്നെ ജാതികളുടെ നിന്ദ കേൾപ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
16 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
17 മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹം തങ്ങളുടെ ദേശത്തു പാർത്തിരുന്നപ്പോൾ, അവർ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
18 അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു.
19 ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികൾക്കും തക്കവണ്ണം ഞാൻ അവരെ ന്യായം വിധിച്ചു.
20 അവർ ജാതികളുടെ ഇടയിൽ ചെന്നുചേർന്നപ്പോൾ, ഇവർ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവർ എന്നു അവർ അവരെക്കുറിച്ചു പറയുമാറാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
21 എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേർന്ന ജാതികളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.
22 അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേർന്ന ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നതു.
23 ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
24 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
25 ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
26 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
28 ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
29 ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വർദ്ധിപ്പിക്കും.
30 നിങ്ങൾ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർദ്ധിപ്പിക്കും.
31 അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓർത്തു നിങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും മ്ളേച്ഛതകൾ നിമിത്തവും നിങ്ങൾക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.
32 നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നതു എന്നു നിങ്ങൾക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിൻ.
33 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാൻ ആളെ പാർപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
34 വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
35 ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെൻ തോട്ടം പോലെയായ്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ എന്നു അവർ പറയും.
36 ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികൾ അന്നു അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കയും ചെയ്യും.
37 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവർക്കു ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും.
38 ശൂന്യമായ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻ കൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻ കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിൻ കൂട്ടം കൊണ്ടു നിറയും; ഞാൻ യഹോവ എന്നു അവർ അറിയും.